ന്യൂഡൽഹി: യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്കുമായും ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോറുമായും കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ കൂടിക്കാഴ്ച നടത്തി.
അമേരിക്കയുമായുള്ള വ്യാപാര, സാന്പത്തിക പങ്കാളിത്തം വികസിപ്പിക്കുന്നതിനായി ലുട്നിക്കുമായും ഗോറുമായും ഫലവത്തായ ചർച്ചകൾ നടത്തിയെന്ന് പിയൂഷ് ഗോയൽ എക്സിലൂടെ അറിയിച്ചു.
യുഎസുമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇടക്കാല വ്യാപാരക്കരാർ അന്തിമമാക്കുന്നതിനായി ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെ അമേരിക്കയുടെ ഉന്നത പ്രതിനിധികളുമായി കേന്ദ്ര വാണിജ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമാണ്.
കരാർ അന്തിമമാക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഈയാഴ്ച വാഷിംഗ്ടണിൽ യോഗം ചേരാനിരുന്നെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അധികതീരുവകൾ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ ചർച്ചകൾ വഴിമുട്ടിയിരുന്നു.